അനധികൃതമായി കോവിഡ് പരിശോധന; ഒരു പിപിഇ കിറ്റ് ഉപയോഗിച്ചത് ഒരു മാസം, ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു

 
അനുമതിയില്ലാതെ കോവിഡ് പരിശോധന നടത്തിയ കൊച്ചിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

അനുമതിയില്ലാതെ കോവിഡ് പരിശോധന നടത്തിയ കൊച്ചിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു. ഇടപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്നോസ്റ്റിക് സെന്ററാണ് പൂട്ടിച്ചത്. രാവിലെ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം എന്നിവ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ലാബില്‍ കോവിഡ് പരിശോധന നടത്തിയിരുന്നതെന്ന് നേരത്തേ പരാതി ലഭിച്ചിരുന്നു. 

കോവിഡ് പരിശോധന നടത്തുന്നതിന് ലാബിന് ലൈസന്‍സോ ഐസിഎംആര്‍ അപ്രൂവലോ ഇല്ലെന്ന് കണ്ടെത്തി. ഒരേ പിപിഇ കിറ്റ് ഒരു മാസത്തോളം ഇവിടത്തെ ജീവനക്കാര്‍ ഉപയോഗിച്ചിരുന്നു. കോവിഡ് പരിശോധനാ ഫലം ജില്ലാ ഭരണകൂടത്തെ കൃത്യമായി അറിയിക്കണമെന്ന നിര്‍ദേശവും ലാബ് പാലിച്ചിരുന്നില്ല. ഇതുമൂലം ജില്ലയിലെ കോവിഡ് കണക്കുകള്‍ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. 

വരുന്ന ദിവസങ്ങളില്‍ ഇത്തരം പരിശോധനകള്‍ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. കോവിഡ് പരിശോധനയ്ക്ക് എത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ എല്‍ഡിഎംഎസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്. ലാബുകള്‍ ഇത് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു.