ട്വന്റി20യിലെ പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുപി; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ്. മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളാണ് ആഗ്രയില്‍ അറസ്റ്റിലായത്. പാക് വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസുഫ്, ഇനായത്ത് അല്‍താഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും ഒരാള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. രാജദ്രോഹ കുറ്റത്തിന് പുറമെ സൈബര്‍ തീവ്രവാദം, വിദ്വേഷ പ്രചാരണം തുടങ്ങിയ കുപ്പുകളും ഇവരുടേ മേല്‍ ചുമത്തിയിട്ടുണ്ട്.
പാകിസ്താന്‍ അനുകൂല സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്തതിന് ഇവരെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. പാക് വിജയം ആഘോഷിച്ചതിന് മറ്റ് നാലുപേരെയും യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാശ്മീരില്‍ മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ പാക് വിജയം ആഘോഷിച്ചതിന് യുഎപിഎ ചുമത്തിയാണ് പോലീസ് കേസെടുത്തത്.