യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഹൈക്കോടതി; നിര്‍ദേശിച്ചത് പശു ഓക്‌സിജന്‍ പുറത്തുവിടുമെന്ന് പറഞ്ഞ ജഡ്ജി

 

ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം നീട്ടിവെക്കുന്നത് പരിഗണിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് ശേഖര്‍ യാദവാണ് ഒരു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഈ നിര്‍ദേശം നല്‍കിയത്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കോടതികള്‍ പരിഗണിക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കണമെന്നും ഇലക്ഷന്‍ റാലികള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്നും ജസ്റ്റിസ് യാദവ് പറഞ്ഞു.

സൗജന്യ വാക്‌സിനേഷന്‍ പരിപാടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഒരു ഖണ്ഡികയും ഇതേ ഉത്തരവില്‍ ജസ്റ്റില് യാദവ് എഴുതിച്ചേര്‍ത്തിട്ടുണ്ട്. നേരത്തേ പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തു വിടുന്ന മൃഗമാണെന്ന് വിധിയില്‍ എഴുതിയ ജഡ്ജിയാണ് ജസ്റ്റിസ് യാദവ്. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്നും ഗോരക്ഷ ഹിന്ദുക്കളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം സെപ്റ്റംബര്‍ 1ന് പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞിരുന്നു.

ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, രാമായണം, ഭഗവദ്ഗീത, വാത്മീകി, വേദവ്യാസന്‍ എന്നിവയ്ക്ക് പൈതൃക പദവിയും ദേശീയ തലത്തില്‍ ആദരവും നല്‍കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാമന്‍ ഓരോ പൗരന്റെയും ഹൃദയത്തിലാണ് വസിക്കുന്നത്, ഇന്ത്യ രാമനില്ലാതെ അപൂര്‍ണ്ണമാണ് എന്നിങ്ങനെയുള്ള പ്രസ്താവനകളും ജസ്റ്റിസ് യാദവ് നടത്തിയിരുന്നു.