മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വി ഡി സതീശൻ 

 

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്.

പുതുപ്പള്ളിയിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടിൽ, കെ–ഫോൺ അഴിമതിയിൽ കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടിൽ കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്നും സതീശൻ.

എന്തിനാണ് സിപിഐഎം നേതാക്കൾക്ക് ഒരു നീതി, ബാക്കിയുള്ളവർക്ക് മറ്റൊരു നീതി? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെങ്കിൽ ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണെന്നും സതീശൻ വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ:

വീണ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്?
എ.ഐ ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്?
കെ-ഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടിൽ അന്വേഷണമില്ലേ?
മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ കേസെടുക്കാത്തതെന്തേ?
സിപിഐഎം നേതാക്കൾക്ക് ഒരുനീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്?
ഓണക്കാലത്ത് സർക്കാർ വിപണിയിൽ ഇടപെടാത്തത് എന്തുകൊണ്ട്?