വെള്ളാപ്പള്ളിക്ക് മറുപടിയില്ല, ആര് വർഗീയത പറഞ്ഞാലും എതിർക്കും
 

ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. 
 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനാരായണ ഗുരു പറയാൻ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ്‌ വെള്ളാപ്പള്ളി പറയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആര് കേരളത്തിൽ വർഗീയത പറഞ്ഞാലും അതിനെ എതിർക്കുമെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത്? ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. വിദ്വേഷ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പറയും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെടുക്കുകയാണ്. നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരും'- വി.ഡി. സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഈഴവ വിരുദ്ധനാണെന്നും മുഖ്യമന്ത്രിയാകാൻ നടക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. അദ്ദേഹത്തിന് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും ചീത്ത പറയാൻ മാത്രമേ വിഡി സതീശന് അറിയൂ എന്നും പറഞ്ഞിരുന്നു.