വിനായകന് പരമാവധി ശിക്ഷയാണ് നൽകിയത്, ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല; കൊച്ചി ഡി സി പി 

 



കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടൻ വിനായകന് പരമാവധി ശിക്ഷയാണ് നൽകിയതെന്നും പോലീസ് ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും കൊച്ചി ഡി സി പി ശശിധരൻ. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് നടൻ വിനായകൻ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയത്. ഇതേത്തുടർന്ന് നടനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് വിനായകൻ ഫ്ളാറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഫ്ളാറ്റിലെത്തിയ പോലീസുകാരുമായി വിനായകൻ വാക്കുതർക്കത്തിലായി. 

തുടർന്ന് വൈകുന്നേരത്തോടെ നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ വിനായകൻ ബഹളമുണ്ടാക്കുകയായിരുന്നു. മദ്യലഹരിയിൽ പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനും പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനും കേസെടുത്താണ് വിനായകനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.