‘വിഎസ് ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തി’; കോൺഗ്രസ് നേതാവിനെതിരെ ആരോപണവുമായി മിനു മുനീർ

 

കോൺഗ്രസ് നേതാവിനെതിരെ ആരോപണവുമായി നടി മിനു മുനീർ. വിഎസ് ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തിയെന്ന് മിനു മുനീർ വെളിപ്പെടുത്തി. കോൺഗ്രസിന്റെ അഭിഭാഷക സംഘടന സംസ്ഥാന പ്രസിഡന്റാണ് വിഎസ് ചന്ദ്രശേഖരൻ. ഷൂട്ടിങ് ലോക്കേഷൻ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ലൈം​ഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്ന് മിനു മുനീർ പറഞ്ഞു.

ബോൾ​ഗാട്ടിയിൽ ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയതെന്ന് മിനു മുനീർ പറഞ്ഞു. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് തന്നെ എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും മിനു പറഞ്ഞു. സിനിമ മേഖലയ്ക്കപ്പുറത്തേക്ക് രാഷ്ട്രിയക്കാരിലേക്കും ആരോപണം ഉയരുകയാണ്. മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വേണ്ടി ഹാജരായത് വിഎസ് ചന്ദ്രശേഖനായിരുന്നു.

നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ രം​ഗത്തെത്തിയിരുന്നു. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു മിനു വെളിപ്പെടുത്തിയത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നായിരുന്നു മിനുവിന്റെ ആരോപണം.