വഖഫ് നിയമന വിഷയം; സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

 

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന വിഷയത്തില്‍ സമരത്തിനില്ലെന്ന് വ്യക്തമാക്കി സമസ്ത. സമസ്ത സമരം പ്രഖ്യാപിച്ചിരുന്നില്ലെന്നും ഒരു പാര്‍ട്ടിയോടും അകലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്നൊരു സംഗതിയില്ല. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമായിരുന്നു തീരുമാനം. ഇതിനിടെ വിഷയം സംസാരിച്ചു തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി മാന്യമായാണ് ഇടപെട്ടത്. തുടര്‍ നടപടികള്‍ മരവിപ്പിച്ചുവെന്നും മറ്റു കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. അതില്‍ പങ്കെടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

വഖഫ് നിയമങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ബോര്‍ഡാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചിരുന്നു. നിയമന വിഷയത്തില്‍ മുസ്ലീം ലീഗ് വ്യാഴാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.