വനിതാ എംപിമാരെന്താ കാഴ്ച വസ്തുക്കളോ? തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍
ആറ് പ്രതിപക്ഷ വനിതാ എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി പങ്കുവെച്ചു കൊണ്ട് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാചകങ്ങള്‍ വിവാദത്തില്‍. ലോക്‌സഭ ആകര്‍ഷണീയമായ ജോലിസ്ഥലമല്ലെന്ന് ആരുപറഞ്ഞു എന്നായിരുന്നു തരൂരിന്റെ ട്വീറ്റും ഫെയിസ്ബുക്ക് പോസ്റ്റും. തരൂരിന്റെ വാക്കുകളില്‍ ലിംഗവിവേചനം മുഴച്ചു നില്‍ക്കുകയാണെന്ന വിമര്‍ശനം തൊട്ടുപിന്നാലെ ഉയര്‍ന്നു.
സമത്വത്തിന് വേണ്ടി വാദിക്കുന്നയാള്‍ എന്നു കരുതപ്പെടുന്ന തരൂരിനെപ്പോലെ ഒരാള്‍ രാഷ്ട്രീയ നേതാക്കളായ വനിതകളെ അവരുടെ കാഴ്ചയിലും ആകര്‍ഷണീയതയിലും മാത്രമായി കുറച്ചു കാണുകയാണെന്ന് സുപ്രീം കോടതി അഭിഭാഷക കരുണ നന്ദി ട്വീറ്റ് ചെയ്തു. വനിതകളെ കാഴ്ചവസ്തുവായി മാത്രം കണക്കാക്കുന്ന സമീപനമാണെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തി.
പാര്‍ലമെന്റില്‍ വനിതകള്‍ക്ക് ഇതു മാത്രമാണോ റോള്‍ എന്ന ചോദ്യവുമായി ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്. തരൂരിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ കീഴിലാണ് രേഖയുടെ ചോദ്യം. വെറും കാഴ്ചവസ്തുക്കളായി ചിത്രീകരിച്ചുകൊണ്ട് അവരുടെ സംഭാവനകളെ താഴ്ത്തിക്കെട്ടുകയാണ് തരൂര്‍ എന്നും അവര്‍ ആരോപിക്കുന്നു.