സംസ്ഥാനം ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല, അർഹതപ്പെട്ടതാണ് ചോദിക്കുന്നത്; മുഖ്യമന്ത്രി 

 

കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിൽ വന്ന് നടത്തിയത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത് ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിനാണ് കേരളം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം തിരൂരിൽ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേന്ദ്രവിഹിതത്തിന് കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല, കൂടാതെ കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേരു മാറ്റുകയാണെന്നും ആരോപിച്ചിരുന്നു