ക്യാപ്റ്റന്റെ മനസിലെന്ത്? അമിത് ഷായേ കണ്ടു; കോൺ​ഗ്രസ് നേതാക്കളേയും കാണും.

 

ഡൽഹിയിലെത്തിയ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാൽ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും അദേഹം നൽകിയില്ല. ഇരുവരും ഒരു മണിക്കൂറോളം ചർച്ച നടത്തി. കര്‍ഷക സമരത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് അമരീന്ദര്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിലെ ആഭ്യന്തരസുരക്ഷയെപ്പറ്റിയും ചര്‍ച്ചചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ബിജെപിയുടെ പ്രതികരണവും വന്നിട്ടില്ല.

 കോണ്‍ഗ്രസില്‍ പ്രതിഷേധ സ്വരം ഉയർത്തിയ നേതാക്കളുമായും അമരീന്ദർ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. പഞ്ചാബിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി  കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രസിഡന്റില്ലാത്ത പാർട്ടിയിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ലെന്നും കപിൽ സിബൽ പറഞ്ഞു. എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം പഞ്ചാബിലെ വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടിരുന്നു.