കർഷകർ ബുദ്ധിമുട്ടുമ്പോൾ ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ

 

കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിലെ കർഷക ആത്മഹത്യയിലാണ് ഗവർണറുടെ വിമർശനം. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനു വേണ്ടി വൻതുക ചെലവഴിക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തി. 

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ ജി പ്രസാദ് എന്ന നെൽ കർഷകനാണ് വിഷം കഴിച്ച് മരിച്ചത്. പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയിൽ ഗവർണർ എത്തും. പ്രസാദിന്റെ കുടുംബത്തെയും അദ്ദേഹം സന്ദർശിക്കും. 

സർക്കാരിന് നെല്ല് കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരിൽ തനിക്ക് ബാങ്ക് വായ്പ നിഷേധിച്ചെന്നും പ്രസാദ് സുഹൃത്തിനോട് പറയുന്ന ഫോൺ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്.