‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’, മുദ്രാവാക്യം തിരിച്ചടിയായി; പി.രാജീവ്
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായതായി സിപിഎം നേതാവ് പി.രാജീവ്. ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, ആ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നാണ് പാർട്ടി വിലയിരുത്തിയത്. ആളുകൾക്കിടയിൽ അത് മറ്റൊരു ബോധം രൂപപ്പെടുത്തി. വെള്ളാപ്പള്ളിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും രാജീവ് പറഞ്ഞു.
അടിമുടി സംഘടനാദൗർബല്യമുണ്ടെന്നു സമ്മതിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനം ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് തലം വരെ എത്തിച്ചു പ്രാവർത്തികമാക്കുന്നതിൽ ഓരോ ഘടകത്തിന്റെയും നേതൃത്വത്തിനു പോരായ്മയുണ്ടായി. ഏറ്റെടുക്കുന്ന പ്രവർത്തനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ചു കമ്മിറ്റികളിൽ പലർക്കും ധാരണയില്ല. ഈ ദൗർബല്യം കേരളത്തിലെ എല്ലാ ഘടകത്തിലുമുണ്ട്. ഇത്രയും കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന കമ്മിറ്റി പരാജയപ്പെട്ടെന്നും നേതൃത്വം തുറന്നു സമ്മതിച്ചിരുന്നു.