ഞാൻ പറയുന്നത് മെറ്റ അനുസരിക്കുമോ? പോസറ്റുകൾ നീക്കിയ സംഭവത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

'ഇത് ഇന്ത്യയൊട്ടാകെയുണ്ട്. കേരളത്തിൽ മാത്രമല്ല'
 

തന്നെ അഭിനന്ദിക്കുന്ന വാർത്തകൾ അടക്കം ​മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നും 10 പോസ്റ്റ് റിമൂവ് ചെയ്യിച്ചിട്ട് കേരളത്തിലെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ താനെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഞാൻ എഴുതി കൊടുക്കുന്നതൊക്കെ മെറ്റ ഉടനെ ഡിലീറ്റാക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ഞാൻ ഒരു ഭയങ്കര സംഭവമാണെന്ന് തോന്നി. ജോണി ലൂക്കോസിന് ഞാൻ കൊടുത്ത ഇന്റർവ്യൂ പൊലീസിനെ ഉപയോഗിച്ച് റിമൂവ് ചെയ്യിപ്പിച്ച ആളുകളാണ് എനിക്കെതിരെ ഈ പറയുന്നത്’ -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘സിഎംഒ കേരളം എന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് തങ്ങൾക്ക് ലഭ്യമാക്കി തരണം എന്ന റിക്വസ്റ്റ് മാത്രമാണ് ഇതുവരെ മെറ്റക്ക് ആകെ കൊടുത്തത്. എന്റെ ഓഫിസിൽ നിന്ന് ഇതിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടു മാസമായിട്ടും അതുപോലും ശരിയാക്കി തന്നിട്ടില്ല. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ മറ്റുള്ളതൊക്കെ ഡിലീറ്റ് ചെയ്യുന്നത് എന്നാണ് ചിലർ പറയുന്നത്.

ഞാനുമായി ബന്ധപ്പെട്ട വാർത്തകൾ അടക്കം മെറ്റ പിൻവലിച്ചിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ ഉണ്ടായ വിഷയങ്ങളിൽ ഞാൻ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ട് തിരുവനന്തപുരം ആർച്ച് ബിഷപ്പ് കൊല്ലം രൂപതയുടെ വാർഷികത്തിൽ നടത്തിയ പ്രസംഗം പല ചാനലുകളിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, അത് പിന്നീട് റിമൂവ് ചെയ്യിച്ചു. ഷിബു ബേബി ജോണും ഞാനും ഒരുമിച്ച് ഗൗതം കൃഷ്ണയുടെ വീട്ടിൽ പോയത് അത് ചില ചാനൽ കൊടുത്തതും റിമൂവ് ചെയ്തിട്ടുണ്ട്. 

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആരും രാഷ്ട്രീയം പറയരുത് എന്ന് പറഞ്ഞ് കെ.സി.ബി.സി എന്റെ കൂടി ഫോട്ടോ വെച്ചുകൊണ്ടുള്ള ​പോസ്റ്റും മെറ്റ ഒഴിവാക്കി. തെലുങ്കാന മുഖ്യമന്ത്രിയുടെയും അസം, ഹിമാചൽ മുഖ്യമന്ത്രിമാരുടെതും റിമൂവ് ചെയ്തിട്ടുണ്ട്. എന്താണ് മെറ്റ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. പോസ്റ്റ് റിമൂവ് ചെയ്തതിന് മെറ്റ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞു എന്നുള്ള വാർത്ത നമ്മൾ കണ്ടു. ഇത് ഇന്ത്യയൊട്ടാകെയുണ്ട്. കേരളത്തിൽ മാത്രമല്ല. അതുകൊണ്ടാണ് തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞത്. ഇങ്ങനെ പല സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നുണ്ട്.