അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും; രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ തളളി ദിഗ്വിജയ സിങ്

 


ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ തളളി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ്. ഏറെ വർഷങ്ങളായി താൻ കോൺഗ്രസിലുണ്ടെന്നും അവസാന ശ്വാസം വരെയും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദിഗ്വിജയ സിങിന്റെ രാജി എന്ന പേരിൽ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്.

ബിജെപി നുണ പറയുന്നതിൽ വിദഗ്‌ധരാണ്. 1971-ലാണ് താൻ കോൺഗ്രസ് അംഗത്വം എടുത്തത്. കോൺഗ്രസിൽ ചേർന്നത് സ്ഥാനത്തിന് വേണ്ടിയല്ല, പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ്. അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും. വ്യാജ പ്രചാരണങ്ങൾക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായും ദിഗ്വിജയ സിങ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.