കൊച്ചിയിൽ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

 

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടൽ മുറിയിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി 10 മണിയോടെ കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദിനെ പോലീസ് അറസ്റ്റു ചെയ്തു.  ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്നാണ് പോലീസ് പറഞ്ഞത്.  ഇരുവരും തമ്മിൽ രാത്രി വാക്കുതർക്കമുണ്ടായെന്നും ഇതിനെ തുടർന്ന് നൗഷാദ് യുവതിയെ കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്.  യുവതിയുടെ കരച്ചിൽ കേട്ട് അടുത്തുള്ളവർ പോലീസിനെ അറിയിച്ചുവെങ്കിലും പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആയി ജോലി നോക്കുന്നുവെന്നാണ് വിവരം. നൗഷീദ് ഹോട്ടലിൽ കെയർ ടേക്കറും. രേഷ്മ ഈ ഹോട്ടലിൽ എപ്പോഴാണ് എത്തിയതെന്ന് വിവരത്തിൽ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പോലീസ് അറിയിച്ചത്. സമൂഹ മാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് അത് ബുധനാഴ്ചയാണ് വന്നതെന്ന് മാറ്റിപ്പറഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.