വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്; പി സതീദേവി 

 


വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച് സമൂഹത്തിൽ പൊതുബോധം വളർത്തിയെടുക്കണമെന്നും സതീദേവി പറഞ്ഞു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി വനിത കമ്മിഷൻ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.

ബന്ധങ്ങൾ തുടരണോയെന്നതു സംബന്ധിച്ച് സ്ത്രീകൾക്കുള്ള ജനാധിപത്യ അവകാശം സംബന്ധിച്ച് സമൂഹത്തിൽ പൊതുബോധം വളർത്തിയെടുക്കണം. ഗാർഹിക പീഡനക്കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും സ്ത്രീകളുണ്ട്. സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പെൺവാണിഭ സംഘങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ കണ്ടെത്തുകയും പരിശോധിച്ച് കുറ്റക്കാരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയാണുമാണ് വനിത കമ്മിഷൻ ചെയ്യുന്നത്.

സ്ത്രീകൾ പൂച്ച നടത്തമേ പാടുള്ളു എന്ന മനോഭാവം സമൂഹം പുലർത്തിയിരുന്നു. ഇന്ന് അതു മാറി സ്ത്രീകൾ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ സമൂഹത്തിലൂടെ നടക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.