ആത്മഹത്യക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം; മൊഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
Nov 28, 2021, 16:35 IST
ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൊഫിയയുടെ ആത്മഹത്യ ദാരുണ സംഭവമാണെന്ന് ഗവര്‍ണര്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജ്ജവമുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ് കേരള പോലീസ്. എന്നാല്‍ ആലുവയിലേതു പോലെ ഒറ്റപ്പെട്ട ചില അപവാദങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേതു പോലെ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ മൊഫിയയുടെ വീട്ടില്‍ എത്തിയത്.
ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഒപ്പമുണ്ടായിരുന്നു. മൊഫിയയുടെ മാതാപിതാക്കളുമായി ഗവര്‍ണര്‍ സംസാരിച്ചു.