ഓസ്‌ട്രേലിയയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; കൂടുതല്‍ കേസുകള്‍ മൂന്ന് സംസ്ഥാനങ്ങളില്‍

ഓസ്ട്രേലിയയില് കോവിഡ് ഡെല്റ്റ വകഭേദം വ്യാപിക്കുന്നു.
 

 

ഓസ്‌ട്രേലിയയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; കൂടുതല്‍ കേസുകള്‍ മൂന്ന് സംസ്ഥാനങ്ങളില്‍

 

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു. ജനസംഖ്യ കൂടുതലുള്ള ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്വീന്‍സ് ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി ശനിയാഴ്ച 319 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ക്വീന്‍സ് ലാന്‍ഡില്‍ മാത്രം 282 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നര മാസമായി സിഡ്നി മേഖലയില്‍ ലോക്ക് ഡൗണ്‍ നിലവിലുണ്ടെങ്കിലും കിഴക്കന്‍ തീരമേഖലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്നു.

ന്യൂസൗത്ത് വെയില്‍സില്‍ 362 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 58 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊട്ടടുത്തുള്ള വിക്ടോറിയയില്‍ 11 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുതര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യമെങ്കില്‍ മാത്രം വീട് വിട്ട് പുറത്തിറങ്ങിയാല്‍ മതിയെന്നുമാണ് അധികാരികള്‍ പറയുന്നത്.

രാജ്യത്തെ 70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഫൈസര്‍ വാക്‌സിന്റെ ക്ഷാമവും ആസ്ട്രസെനെക വാക്‌സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തതുമാണ് വാക്‌സിനേഷനില്‍ നേരിടുന്ന പ്രതിസന്ധി. മൊഡേര്‍ണ വാക്‌സിന്റെ ആദ്യ 10 ലക്ഷം ഡോസുകള്‍ അടുത്ത മാസം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.