ബ്രിട്ടീഷുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓസ്‌ട്രേലിയന്‍ പൗരന് 10 വര്‍ഷം തടവ്
ലണ്ടന്‍: ബ്രിട്ടീഷുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓസ്‌ട്രേലിയന്‍ പൗരന് 10 വര്‍ഷം തടവ്. മാര്‍കസ് അലന്‍ കെയ്ത്ത് മാര്‍ട്ടിന്‍(25) എന്നയാളെയാണ് ഓസ്‌ട്രേലിയന്‍ കോടതി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എലിസ ഗ്രീര്‍ എന്ന ലിവര്‍പൂള്‍ സ്വദേശിനി സംഭവം നടക്കുന്നതിന്റെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മാര്‍ട്ടിനെ പരിചയപ്പെടുന്നത്. ബാറില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
സൗഹൃദം നടിച്ച് കൂടെക്കൂടിയ മാര്‍ട്ടിന്‍ പിന്നീട് എലിസയെ ബന്ദിയാക്കി. ഒരു റോഡ് ട്രിപ്പിനിടയില്‍ എലിസയെ അതിക്രൂരമായി മര്‍ദ്ദിച്ച മാര്‍ട്ടിന്‍ കാറിനുള്ളില്‍ വെച്ച് പലതവണ ബലാത്സംഗം ചെയ്തു. എലിസയുടെ മുഖത്ത് പ്രതി തോക്കുകൊണ്ട് ഇടിച്ച് മാരകമായി മുറിവേല്‍പ്പിച്ചിരുന്നു. ഒരു പെട്രോള് പമ്പില് നിന് ഇന്ധനം നിറച്ചശേഷം പണം നല്കാതെ മാര്ട്ടിന് രക്ഷപ്പെട്ടതോടെയാണ് കാര്യങ്ങള് വെളിച്ചത്താവുന്നത്. പണം നല്‍കാതെ ഒരാള്‍ ഇന്ധനം നിറച്ച് രക്ഷപ്പെട്ടതായി പെട്രോള്‍ പമ്പ് നടത്തിപ്പുകാരന്‍ പോലീസിനെ അറിയിച്ചു.
മാര്‍ട്ടിനെ പിന്തുടര്‍ന്ന പോലീസ് വഴിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. വാഹനം പരിശോധിക്കുന്നതിനിടയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ എലിസയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്.