അക്ഷരപ്പിശകുമായി ഓസ്‌ട്രേലിയന്‍ ഡോളര്‍ നോട്ട്; 46 ദശലക്ഷം നോട്ടുകളില്‍ ‘ഉത്തരവാദിത്തം’ തെറ്റ്

ഓസ്ട്രേലിയ പുറത്തിറക്കിയ പുതിയ 50 ഡോളര് നോട്ടില് ഗുരുതരമായ അക്ഷരപ്പിശക്. '
 

സിഡ്‌നി: ഓസ്‌ട്രേലിയ പുറത്തിറക്കിയ പുതിയ 50 ഡോളര്‍ നോട്ടില്‍ ഗുരുതരമായ അക്ഷരപ്പിശക്. ‘Responsibility’ എന്ന വാക്ക് ‘Responsibilty’ എന്ന് തെറ്റായാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. അവസാനത്തെ I ഇല്ലാതെയാണ് വാക്ക് അച്ചടിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇത് അവതരിപ്പിച്ചത്. ഇതുവരെ 46 ദശലക്ഷം നോട്ടുകള്‍ അക്ഷരപ്പിശകുമായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പുറത്തിറക്കുകയും ചെയ്തു.

പിഴവ് മനസിലാകാന്‍ ആറു മാസത്തിലേറെ സമയമെടുത്തുവെന്നതാണ് അതിശയം. എന്തായാലും അച്ചടിച്ച നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം നല്‍കുന്ന സൂചന. ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ തെറ്റു തിരുത്തുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ആദ്യ വനിതാ അംഗമായ എഡിത്ത് കോവന്റെ ചിത്രമാണ് നോട്ടില്‍ നല്‍കിയിരിക്കുന്നത്.

ഇവര്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലെ വരികളാണ് നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലാണ് റിസര്‍വ് ബാങ്ക് തെറ്റു വരുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള നോട്ടാണ് 50 ഡോളറിന്റേത്.