നിരോധിച്ച ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് പുതിയ സോഫ്റ്റ് വെയര്‍
സിയാറ്റില്‍: നിരോധിച്ച ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ തിരിച്ചെത്തുന്നു. പുതിയ സോഫ്റ്റ് വെയറുമായിട്ടായിരിക്കും വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുക. അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിരവധി ടെസ്റ്റ് ഫ്‌ളൈറ്റുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ പരിശോധനയും അംഗീകാരവും ലഭിക്കേണ്ടതുണ്ട്. കൂടാതെ പൈലറ്റുമാര്‍ക്ക് എം കാസ് സിസ്റ്റത്തില്‍ പരിശീലനവും ലഭ്യമാക്കണം. നടപടിക്രമങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി ഗ്രൗണ്ട് ചെയ്ത വിമാനങ്ങള്‍ തിരികെ സര്‍വീസിലെത്തിക്കാനാവും ബോയിംഗ് ശ്രമിക്കുക.
157 പേരുമായി പുറപ്പെട്ട എത്യോപ്യന് എയര്ലൈന് വിമാനം തകര്ന്നു വീണതിന്റെ പശ്ചാത്തലത്തിലാണ് ബോയിങ്ങിന്റെ 737 മാക്സ് 8 വിമാനങ്ങള് ഒഴിവാക്കാന് വിവിധ രാജ്യങ്ങള് തീരുമാനിച്ചത്. ഏതാണ്ട് 400 ഓളം വിമാനങ്ങളാണ് ഇത്തരത്തില്‍ ഗ്രൗണ്ട് ചെയ്തിരിക്കുന്നത്. 2017ലെ ബെസ്റ്റ് സെല്ലിംഗ് വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്സിന്റെ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 189 പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടു.
നെയ്റോബിയില്‍ ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നീ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളും ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ സോഫ്റ്റ് വെയര്‍ വരുന്നതോടെ തകരാറുകള്‍ പരഹരിക്കപ്പെടുമെന്നാണ് ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡെന്നീസ് മൂളന്‍ബെര്‍ഗ് കഴിഞ്ഞ ദിവസം അറിയിച്ചത്.