ടാര്‍ജെറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ മുട്ടിലിഴച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറല്‍
ബെയ്ജിംഗ്: സ്വകാര്യ കമ്പനികള് ജീവനക്കാര്ക്ക് ടാര്ജെറ്റുകള് നല്കുന്നതും അത് പൂര്ത്തിയാക്കാന് കഴിയാത്തവര്ക്ക് ചെറിയ തോതിലുള്ള ശിക്ഷകള് നല്കുന്നതും പതിവാണ്. എന്നാല് ടാര്ജെറ്റ് പൂര്ത്തിയാക്കാത്ത ജീവനക്കാര്ക്ക് മനുഷ്യത്വ രഹിതമായ ശിക്ഷ നല്കിയിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി. വര്ഷാവസാന ടാര്ജറ്റുകള് തികയ്ക്കാന് കഴിയാതിരുന്നവര്ക്ക് റോഡിലൂടെ നാലുകാലില് മുട്ടിലിഴയാനായിരുന്നു കമ്പനി അധികൃതര് നല്കിയ നിര്‍ദേശം.
തിരക്കേറിയ റോഡിലൂടെ മുമ്പില്‍ കൊടിപിടിച്ചു നടക്കുന്നയാള്‍ക്ക് പിന്നിലായാണ് ഇവര്‍ മുട്ടിലിഴഞ്ഞത്. പോലീസ് ഇടപെട്ട് ഇത് തടഞ്ഞെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്തായാലും കമ്പനി തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാരുടെ അന്തസ്സിന് യാതൊരു പരിഗണനയും നല്‍കാത്ത ഇത്തരം കമ്പനികള്‍ അടച്ചുപൂട്ടണമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇത്തരം ശിക്ഷാ നടപടികള്‍ ജീവനക്കാര്‍ എന്തിനാണ് അംഗീകരിച്ചു കൊടുക്കുന്നതെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു. പണത്തിനു വേണ്ടി സ്വന്തം അന്തസ്സ് പണയം വെക്കുന്നത് എന്തിനെന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രകടനം മോശമായതിന് ജീവനക്കാരുടെ മുഖത്തടിക്കുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലായിരുന്നു.
വീഡിയോ കാണാം