സൗദിയിലെ അഹബ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രണം

നേരത്തെ നടന്ന ആക്രമണത്തില് മലയാളി ഉള്പ്പെടെ 20ലധികം പേര്ക്ക് പരിക്കേല്ക്കുകയും ഒരാള് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
 

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. തിങ്കളാഴ്ച്ച രാത്രി നടന്ന അപ്രതീക്ഷിത ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യസേനാ വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ നടക്കുന്നത്. നേരത്തെ നടന്ന ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി പ്രതികരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച വിമാനത്താവളം ലക്ഷ്യമാക്കി രണ്ട് ഡ്രോണുകളാണ് എത്തിയത്. ആദ്യത്തെ ഡ്രോണ്‍ സൗദി വ്യോമസേന വെടിവെച്ചിട്ടു. എന്നാല്‍ അര്‍ധരാത്രി എത്തിയ രണ്ടാമത്തെ ഡ്രോണ്‍ സുരക്ഷാ വലയം ഭേദിച്ച് വിമാനത്താവളത്തിന്റെ പരിധിയിലെത്തി പൊട്ടിത്തെറിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ യാത്രാവിമാനങ്ങള്‍ ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് സൂചന.

സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശമായ അസീര്‍ ലക്ഷ്യമാക്കി അഞ്ച് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ആക്രമണത്തിന് പിന്നാലെ അഹബ വിമാനത്താവളത്തില്‍ നടത്തിയ റോക്കാറ്റാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആദ്യ ആക്രമണം സുരക്ഷാ സേനയെ ആശക്കുഴപ്പത്തിലാക്കാനായിരുന്നുവെന്നാണ് സൂചന.