‘ഹൗഡി മോഡി’; ഹൂസ്റ്റണില്‍ നരേന്ദ്ര മോദിയെ വിടാതെ പിന്തുടര്‍ന്ന് നെഹ്‌റു!

അമേരിക്കയിലെ ഹൂസ്റ്റണില് നടന്ന ഹൗഡി മോഡി പരിപാടിയില് മോഡിയെ പിന്തുടര്ന്ന് 'നെഹ്റു'!
 

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ മോഡിയെ പിന്തുടര്‍ന്ന് ‘നെഹ്‌റു’! അമേരിക്കന്‍ നേതാവായ സ്റ്റെനി ഹോയര്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ഉദ്ധരിച്ചുകൊണ്ടാണ് മോദിക്ക് ആശംസകള്‍ നേര്‍ന്നത്. അമേരിക്കയും ഇന്ത്യയെപ്പോലെ അതിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഒരു മതേതര ജനാധിപത്യരാഷ്ട്രം എന്നത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളാണെന്നും ബഹുസ്വരതയോടും മനുഷ്യാവകാശങ്ങളോടുമുള്ള ബഹുമാനമാണ് ഇവിടെ ഓരോ വ്യക്തിയെയും സംരക്ഷിക്കുന്നതെന്നും ഹോയര്‍ വേദിയില്‍ പറഞ്ഞു.

നെഹ്‌റുവിനെ തള്ളിപ്പറയാന്‍ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി ഉന്നതര്‍ മത്സരിക്കുന്നതിനിടെയാണ് ഹൗഡി മോഡി പോലെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പരിപാടിയില്‍ വെച്ച് മോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ നേതാവിന്റെ നെഹ്‌റു സ്തുതി. നെഹ്‌റുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗത്തെയും ഹോയര്‍ ഉദ്ധരിച്ചു. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുക എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ബുദ്ധിമുട്ടും കണ്ണീരും നിലയ്ക്കുന്നില്ലെങ്കില്‍ നമ്മുടെ ജോലി അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാനെന്ന് നെഹ്‌റു തന്റെ പ്രസംഗത്തില്‍ പറഞ്ഞുവെന്നും ഹോയര്‍ തുടര്‍ന്നു.

ദുര്‍ബലര്‍ക്കും തുല്യാവകാശം നല്‍കുന്നുവെന്നാണ് ജനാധിപത്യത്തെക്കുറിച്ച് ഗാന്ധിജി വിശദീകരിച്ചതെന്നും ഹോയര്‍ പറഞ്ഞു. മോദിയും ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത ഹൗഡി മോഡി പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായി അമിത് ഷാ നെഹ്‌റുവിനെ തള്ളിപ്പറഞ്ഞത്. പാക് അധീന കാശ്മീര്‍ ഉണ്ടാകാന്‍ കാരണം നെഹ്‌റുവാണെന്നായിരുന്നു അമിത് ഷാ മുംബൈയില്‍ നടന്ന റാലിയില്‍ പറഞ്ഞത്.