എംഎച്ച് 17 അപകടം: ഓക്‌സിജൻ മാസ്‌ക് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കിഴക്കൻ ഉക്രൈനിൽ തകർന്ന് വീണ എംഎച്ച് 17 വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഓക്സിജൻ മാസ്ക് ധരിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള ഡച്ച് നാഷണൽ പ്രോസിക്യൂട്ടേഴ്സ് ഓഫീസിന്റെ വക്താവ് വിം ഡെ ബ്രൂയിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൃതദേഹം ഓസ്ട്രേലിയക്കാരന്റെതാണെന്ന് സൂചനയുണ്ടെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
 

ലണ്ടൻ: കിഴക്കൻ ഉക്രൈനിൽ തകർന്ന് വീണ എംഎച്ച് 17 വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഓക്‌സിജൻ മാസ്‌ക് ധരിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള ഡച്ച് നാഷണൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിന്റെ വക്താവ് വിം ഡെ ബ്രൂയിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൃതദേഹം ഓസ്‌ട്രേലിയക്കാരന്റെതാണെന്ന് സൂചനയുണ്ടെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

മിസൈൽ ആക്രമണമുണ്ടായപ്പോൾ എന്തുകൊണ്ട് ഇയാൾ മാസ്‌ക് ധരിച്ചിരുന്നുവെന്നത് സംശയാസ്പദമായ കാര്യമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇയാളുടെ വിരലടയാളങ്ങളും ഉമിനീരും ഡി.എൻ.എയും പരിശോധിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ നിരവധി പേരാണ് വിവരങ്ങൾക്കായി ഏജൻസിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. മാസ്‌ക് ധരിച്ച ഒരാളുടെ മൃതദേഹം ലഭിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ഫ്രാൻസ് ടിമ്മർമാൻസും പറഞ്ഞിരുന്നു.

ആംസ്റ്റർഡാമിൽ നിന്ന് കോലാലംപുരിലേക്ക് വന്ന വിമാനം ജൂലൈ 17-നാണ് കിഴക്കൻ ഉക്രൈനിന്റെ അതിർത്തിയിൽ തകർന്ന് വീണത്. റഷ്യൻ വിമതരുടെ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് നിഗമനം. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 298 പേർ മരിച്ചിരുന്നു.