ഭൂരിപക്ഷം പാകിസ്ഥാനികള്‍ക്കും ഇന്റര്‍നെറ്റ് എന്താണെന്ന് അറിയില്ലെന്ന് സര്വ്വേ റിപ്പോര്ട്ട്
കറാച്ചി: പാകിസ്ഥാനിലെ ഭൂരിപക്ഷം വരുന്ന ജനവിഭാങ്ങള്ക്കും ഇന്റര്നെറ്റ് എന്താണെന്ന് അറിയില്ലെന്ന് സര്വ്വേ റിപ്പോര്ട്ട്. 15നും 65നും ഇടയില് പ്രായമുള്ള 69 ശതമാനം പേരും ഇന്റര്നെറ്റിനെ കുറിച്ച് കേട്ടിട്ടില്ലെന്നാണ് സര്വ്വേ റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. ഇന്ഫര്മേഷന് കമ്യൂണിക്കേഷന് ടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള് നടത്തുന്ന ശ്രീലങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് സര്വ്വേ നടത്തിയത്. 2000ത്തിലധികം കുടുംബങ്ങളില് നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എത്രത്തോളം ആളുകള്‍ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചു. പാകിസ്ഥാനില്‍ ആകെ 152 മില്യണ്‍ മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് പാക് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് കൂടുതല്‍ പേര്‍ക്കും പരിചിതമല്ല.
പുരുഷന്മാരേക്കാള്‍ 43 ശതമാനം കുറവ് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പാക് വനിതകളുടെ എണ്ണം. ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്നവരില്‍ ഏതാണ്ട് 80 ശതമാനം പേരും ഇന്റര്‍നെറ്റിനെക്കുറിച്ച് കേട്ട് കേള്‍വി പോലുമില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവെ ഇന്റര്‍നെറ്റ് ഉപയോഗം കുറവാണെന്നും സര്‍വ്വേ നിരീക്ഷിച്ചു.