മരണപ്പെട്ട് 59 വര്‍ഷങ്ങള്‍ക്ക് ശേഷവും ബ്രിട്ടന്‍ അനാദരവ് കാണിച്ച സ്വവര്‍ഗാനുരാഗി; അലന്‍ ട്യൂറിംഗ് ഇനി ബ്രിട്ടീഷ് കറന്‍സിയുടെ മുഖമാവും

ഒരിക്കലും തകര്ക്കപ്പെടില്ലെന്ന് നാസികള് വിശ്വസിച്ചിരുന്ന അവരുടെ എനിഗ്മ മെഷീനിന്റെ രഹസ്യം അലന് കണ്ടുപിടിച്ചു.
 

ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞന്‍ അലന്‍ മാതിസണ്‍ ട്യൂറിംഗിന് ആദരവുമായി ബ്രിട്ടന്‍. പുതിയ 50 പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ അലന്റെ മുഖമായിരിക്കും ചേര്‍ക്കുക. ഇക്കാര്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അലനെ പുകഴ്ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി രംഗത്ത് വന്നിരുന്നു. യുദ്ധനായകനാണ് അലന്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ നമ്മുടെ ജീവിതത്തെ തന്നെ നിര്‍ണയിച്ചതെന്നും കാര്‍ണി പറഞ്ഞു. ഗണിതശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും കാര്‍ണി എടുത്തു പറഞ്ഞു.

പഴയ 50 പൗണ്ടിന്റെ നോട്ടില്‍ സ്റ്റീം എന്‍ജിന്‍ നിര്‍മാതാക്കളായ ജെയിംസ് വാട്ട്, മാത്യു ബോള്‍ട്ടന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അലന്റെ ചിത്രമുള്ള നോട്ടുകള്‍ 2021 അവസാനത്തോടെ പുറത്തിറങ്ങും. എലിയറ്റും ഫ്രൈയും ചേര്‍ന്ന് 1951ല്‍ എടുത്ത അലന്റെ ചിത്രം, അലന്റെ പേപ്പറിലെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങള്‍, അദ്ദേഹം നിര്‍മിച്ച ഓട്ടോമാറ്റിക് കമ്പ്യൂട്ടര്‍ എന്‍ജിന്‍ പൈലറ്റ് മെഷീനിന്റെ ചിത്രം, 1949 ജൂണ്‍ 11ന് ടൈംസ് ദിനപത്രത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഉദ്ധരണി, അലന്റെ ഒപ്പ് തുടങ്ങിയവയാകും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തുക.

ആരാണ് അലന്‍ മാതിസണ്‍ ട്യൂറിംഗ്?

ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെ പിതാവ് എന്നാണ് ശാസ്ത്രലോകം ഈ മഹത് പ്രതിഭയെ വിശേഷിപ്പിക്കുന്നത്. 1912 ജൂണ്‍ 23നാണ് അലന്‍ ജനിക്കുന്നത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല നിന്നും പഠനം പൂര്‍ത്തിയാക്കി. ഗണിതശാസ്ത്രജ്ഞന്‍ എന്ന പേരിലും പിന്നീട് ക്രിപ്‌റ്റോഗ്രഫര്‍ എന്ന പേരിലും അറിയപ്പെട്ടു. അലന്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനും ജര്‍മ്മനിയുമായുള്ള യുദ്ധം ആരംഭിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ശത്രുരാജ്യങ്ങളുടെ രഹസ്യ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കുന്ന വിഭാഗത്തില്‍ ഈ സമയത്ത് അലന്‍ ജോലി ലഭിച്ചു.

നാസികളുടെ രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തുകയെന്നതായിരുന്നു അലന് അന്ന് ലഭിച്ച ജോലി. ജര്‍മന്‍ നീക്കങ്ങള്‍ മനസിലാക്കിയ അലന്‍ സഖ്യസേനയുടെ വിജയം വേഗത്തിലാക്കി. സന്ദേശങ്ങള്‍ ചോര്‍ത്താന്‍ കിപ്‌റ്റോഗ്രാഫിയെന്ന് സംവിധാനം തന്നെ അദ്ദേഹം വികസിപ്പിച്ചിരുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് നാസികള്‍ വിശ്വസിച്ചിരുന്ന അവരുടെ എനിഗ്മ മെഷീനിന്റെ രഹസ്യം അലന്‍ കണ്ടുപിടിച്ചു. കോഡുകളിലൂടെ പരസ്പ്പരം ബന്ധപ്പെടാന്‍ നാസികള്‍ ഉപയോഗിച്ചിരുന്ന മെഷീനാണ് എനിഗ്മ. ഇത് തകര്‍ന്നതോടെ നാസികളെ നിഴല്‍ പോലെ പിന്തുടരാന്‍ അലനും കൂട്ടര്‍ക്കും കഴിഞ്ഞു. ഇതിനിടെ നിരവധി പ്രതിസന്ധികളിലൂടെയും അലന്‍ കടന്നു പോയിരുന്നു.

 

‘അല്‍ഗോരിതം’ എന്ന ആശയവും ട്യൂറിംഗിന്റെ തലയില്‍ നിന്നുദിച്ചതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ന് നടക്കുന്ന എല്ലാ ഗവേഷണങ്ങളും ‘ട്യൂറിംഗ് ടെസ്റ്റ്’ എന്നൊരു പരീക്ഷണത്തെ മുന്‍നിര്‍ത്തിയാണ്. ഇതൊന്നൂം കൂടാതെ ശാസ്ത്രലോകത്തില്‍ നാഴികക്കല്ലായി മാറിയ മറ്റനവധി പരീക്ഷണങ്ങളും ട്യൂറിംഗ് നടത്തിയിരുന്നു. ആധുനിക കമ്പ്യൂട്ടറുകളുടെ വികസനം അലന്റെ എഞ്ചിനീയറിംഗ് മികവിന്റെ പ്രതിഫലനമാണ്.

അദ്ദേഹം വികസിപ്പിച്ച ട്യൂറിങ് യന്ത്രത്തിന്റെ (Turing Machine) ചുവടു പിടിച്ചാണ് കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ രീതിവാദത്തിന് (formalism) തുടക്കം കുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ നല്‍കിവരുന്ന ട്യൂറിങ് പുരസ്‌കാരം കമ്പ്യൂട്ടര്‍ സയന്‍സിലെ നൊബേല്‍ സമ്മാനമായറിയപ്പെടുന്നു.

ബ്രിട്ടന്‍ അലനോട് കാണിച്ച അനീതി

അലന് മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു. സ്ത്രീകളോടായിരുന്നില്ല അലന്റെ പ്രണയം, മറിച്ച് പുരുഷന്മാരോടായിരുന്നു. തീവ്ര ദേശീയവാദത്തിന്റെയും പരമ്പരാഗത സമ്പ്രദായങ്ങളുടെയും പിന്തുടര്‍ച്ചക്കാരായിരുന്നു അന്നത്തെ ഭൂരിഭാഗം ബ്രിട്ടീഷുകാരും. സ്വവര്‍ഗ ലൈംഗികത വലിയ കുറ്റകൃത്യമായിട്ടായിരുന്നു അന്ന് കണക്കാക്കപ്പെട്ടിരുന്നത്. പഠനകാലത്ത് തന്നെ തന്റെ ലൈംഗികതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അലനെ സഹപാഠികള്‍ അകറ്റി നിര്‍ത്തിയിരുന്നു. അന്ന് അലന് തണലായത് ക്രിസ്റ്റഫര്‍ മോര്‍ക്കം എന്ന ആദ്യ കാമുകനായിരുന്നു.

എന്നാല്‍ 1930ല്‍ മോര്‍ക്കം മരണപ്പെട്ടതോടു കൂടി അലന്‍ വീണ്ടും അവഗണനയുടെയും പരിഹാസങ്ങളുടെയും നടുവില്‍ ജീവിച്ചു. മോര്‍ക്കമിന്റെ സ്ഥാനം മറ്റാര്‍ക്കും നല്‍കാന്‍ അലന്‍ ഒരുക്കവുമായിരുന്നില്ല. പിന്നീട് യുദ്ധവും ഗവേഷണങ്ങളിലെ താല്‍പര്യവുമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. എന്നാല്‍ 1952 ജനുവരി 23ന് അലന്റെ ജീവിതം മാറിമറിഞ്ഞു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു യുവാവിനെ അദ്ദേഹം പോലീസിനെ കൊണ്ട് പിടിപ്പിച്ചു. ഇത് വലിയൊരു പ്രശ്‌നത്തിനാണ് തുടക്കം കുറിച്ചത്. അലനുമായി ബന്ധമുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തായിരുന്നു അതിക്രമിച്ച് കയറിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് അലന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് കണ്ടെത്തി. കേസ് കോടതിയിലെത്തി.

സഹോദരന്‍ ജോണ്‍ അലന് വേണ്ടി വാദിച്ചു. എന്നാല്‍ തടവറയില്‍ കിടക്കുക അല്ലെങ്കില്‍ ലൈംഗികാസക്തി കുറയ്ക്കാനുള്ള ഹോര്‍മോണ്‍ ചികിത്സ തേടുക എന്നീ രണ്ട് വഴികള്‍ മാത്രമായിരുന്നു അലന്റെ മുന്നിലുണ്ടായിരുന്നത്. ചികിത്സ തേടാമെന്ന് അലന് സമ്മതിക്കേണ്ടി വന്നു. സ്വവര്‍ഗാനുരാഗിയായി ലോകം അറിഞ്ഞ ആദ്യത്തെ വ്യക്തി ഒരുപക്ഷേ അലനായിരിക്കും. അനീതിയുടെ കഥ അവിടെയും അവസാനിച്ചില്ല.

ഉയര്‍ന്ന തോതിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമായി വളര്‍ന്ന സ്തനങ്ങളും, ഹോര്‍മോണ്‍ സമ്മാനിച്ച ഷണ്ഡത്വവും അലനെ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു. സമൂഹത്തില്‍ നിന്ന് നേരിടുന്ന അവഗണന മറ്റൊരു വശത്തും. 1954 ജൂണ്‍ 7ന് സയനൈഡ് കുത്തിവച്ച ആപ്പിള്‍ കഴിച്ച് അലന്‍ ഈ ലോകത്തോട് വിടപറഞ്ഞു. എന്നാല്‍ ആപ്പിളില്‍ സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറ്റൊരു വാദവും നിലനില്‍ക്കുന്നുണ്ട്. മരണത്തിന് ശേഷവും ബ്രിട്ടന്‍ അലനോട് കാട്ടിയ നീതിനിഷേധത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറായില്ലെന്നതാണ് വേദനാജനകമായ സത്യം.

2009ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ അലനോട് മാപ്പ് ചോദിക്കുന്നതായി പ്രഖ്യാപനം നടത്തി. ജോണ്‍ ഗ്രഹാം എന്നയാള്‍ നടത്തിയ ക്യാംപെയിനിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതിന് തയ്യാറായത്യ. പക്ഷേ, ആ തെറ്റ് നിയമപരമായി അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറായില്ല. 2012ല്‍ ഈ ബില്ല് ചര്‍ച്ചയായെങ്കിലും നിയമം അലനെ കുറ്റക്കാരനാക്കി നിലനിര്‍ത്തി. അലന്‍ മരിച്ച് 59 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറിലാണ് ബ്രിട്ടീഷ് രാജ്ഞി അലനോട് മാപ്പ് അപേക്ഷിക്കുന്ന ബില്‍ പാസാക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ ഇത്രേയേറെക്കാലം ബ്രിട്ടന്‍ അവഗണിച്ച അലന്‍ കഴിഞ്ഞ ദിവസം മാത്രമായിരിക്കും ആദരിക്കപ്പെട്ടിട്ടുണ്ടാവുക.!