പാവങ്ങളെ സ്‌നേഹിച്ചതു കൊണ്ട് കമ്മ്യൂണിസ്റ്റാകില്ല; ഞാനൊരു ദൈവദാസൻ മാത്രം: മാർപ്പാപ്പ

കാര്യങ്ങൾ തുറന്ന് പറയുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റെന്ന് വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. റോമിൽ നടന്ന ജനകീയ സമരങ്ങളുടെ ആഗോള സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 

വത്തിക്കാൻ: കാര്യങ്ങൾ തുറന്ന് പറയുമ്പോൾ തന്നെ കമ്മ്യൂണിസ്‌റ്റെന്ന് വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. റോമിൽ നടന്ന ജനകീയ സമരങ്ങളുടെ ആഗോള സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള തൊഴിലാളി യൂണിയനുകളുടേയും കർഷകരുടേയും വീട്ടുജോലിക്കാരുടേയും പ്രതിനിധികളുടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് റോം സാക്ഷ്യം വഹിച്ചത്. മാർപ്പാപ്പയുടെ ജൻമനാടായ അർജന്റീനയിൽ നിന്നുള്ള ആക്രി ശേഖരിച്ച് വിൽക്കുന്ന തൊഴിലാലികളും സമ്മേളനത്തിൽ എത്തിയിരുന്നു.

‘നിങ്ങളുടെ പോരാട്ടങ്ങൾക്കൊപ്പം എന്റെ ശബ്ദവും ഉണ്ടാകും’ മാർപ്പാപ്പ യോഗത്തിൽ പ്രഖ്യാപിച്ചു. ലോകജനതയുടെ ഭൂരിപക്ഷത്തിനും ഭൂമിയും വീടും തൊഴിലും നിഷേധിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളാണുള്ളത്. ഇതിനേക്കുറിച്ച് താൻ വല്ലതും പറഞ്ഞാൽ എല്ലാവരും തന്നെ കമ്മ്യൂണിസ്റ്റാക്കും. താനൊരു ദൈവദാസൻ മാത്രമാണ്. പാവങ്ങളോടുള്ള കരുതലാണ് ദൈവീക സേവനമെന്ന് വിമർശിക്കുന്നവർക്കറിയില്ല. സഭയുടെ സാമൂഹ്യ ലക്ഷ്യം തന്നെ നിർദ്ധനരുടെ പുരോഗതിയാണ്, മാർപ്പാപ്പ പ്രസംഗത്തിൽ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കർഷകർക്ക് ഭൂമി ലഭിക്കേണ്ടതിനേക്കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബിഗ് ബാങ്ങ് തിയറിയേയും പരിണാമത്തേയും അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗം യാഥാസ്ഥിതികരുടെ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. അമേരിക്കൻ വലതുപക്ഷ താത്പര്യങ്ങളുള്ള ചിലർ ഇതിനിടെ ഫ്രാൻസിസ് മാർപ്പാപ്പയെ കമ്മ്യൂണിസ്റ്റ് എന്നും വിളിച്ചു. ഇതിനുള്ള മറുപടിയാണ് ഇന്നലത്തെ പ്രസംഗത്തിലുള്ളതെന്നാണ് കരുതപ്പെടുന്നത്.