പാക്- സിംബാബ്‌വെ മത്സരത്തിനിടെ നടന്നത് ചാവേർ സ്‌ഫോടനമെന്ന് സ്ഥിരീകരണം

പാക്-സിംബാബെ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി സ്റ്റേഡിയത്തിന് പുറത്തുണ്ടായത് ചാവേർ ആക്രമണെന്ന് സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിലേക്കെത്തിയ ചാവേറിനെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞപ്പോൾ ആക്രമണം നടക്കുകയായിരുന്നുവെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി പർവേസ് റഷീദ് പറഞ്ഞു.
 

ലാഹോർ: പാക്-സിംബാബെ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി സ്റ്റേഡിയത്തിന് പുറത്തുണ്ടായത് ചാവേർ ആക്രമണെന്ന് സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിലേക്കെത്തിയ ചാവേറിനെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞപ്പോൾ ആക്രമണം നടക്കുകയായിരുന്നുവെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി പർവേസ് റഷീദ് പറഞ്ഞു. സംഭവത്തിൽ സബ് ഇൻസ്‌പെക്ടർ അബ്ദുൾ മജീദും മറ്റൊരാളും ചാവേറും കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വൈദ്യുത ട്രാൻസ്‌ഫോമർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആദ്യം അറിയിച്ചത്. ഇതേത്തുടർന്ന് മാധ്യമങ്ങളും ചാവേറാക്രമണമല്ലെന്നുള്ള വാർത്തകൾ പിന്നീട് പുറത്തുവിട്ടു. ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ യഥാർത്ഥ വിവരം പുറത്തുവിടാത്തതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ മന്ത്രി പർവേസ് റഷീദ് അഭിനന്ദിച്ചു. 20,000ത്തോളം ആളുകളാണ് മത്സരം കാണാൻ എത്തിയത്.

ആറു വർഷത്തിനിടെ ആദ്യമായാണ് ഒരു വിദേശ ക്രിക്കറ്റ് ടീം പാകിസ്താനിൽ എത്തുന്നത്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സന്ദർശനത്തിനിടെയുണ്ടായ താലിബാൻ ആക്രമണത്തിനുശേഷം വിദേശരാജ്യങ്ങൾ പാക് പര്യടനം അനിശ്ചിത കാലത്തേയ്ക്ക് റദ്ദാക്കുകയായിരുന്നു.