തോക്കേന്തിയ താലിബാന്‍ സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായന; അഫ്ഗാനില്‍ നിന്ന് ഭീകര ദൃശ്യങ്ങള്‍

 
തോക്കേന്തിയ താലിബാന്‍ തീവ്രവാദികളുടെ നടുവില്‍ നിന്ന് വാര്‍ത്ത വായിക്കുന്ന അഫ്ഗാന്‍ വാര്‍ത്താ അവതാരകന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

തോക്കേന്തിയ താലിബാന്‍ തീവ്രവാദികളുടെ നടുവില്‍ നിന്ന് വാര്‍ത്ത വായിക്കുന്ന അഫ്ഗാന്‍ വാര്‍ത്താ അവതാരകന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച താലിബാന്റെ ഭരണത്തില്‍ മാധ്യമങ്ങള്‍ എങ്ങനെയാകുമെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍. 

ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്നാണ് അവതാരകനെക്കൊണ്ട് വായിപ്പിച്ചത്. എന്നാല്‍ അവതാരകന്റെ മുഖത്ത് ഭയം ദൃശ്യമാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ്  ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഓഗസ്റ്റ് 15ന് താലിബാന്‍ ഭരണം പിടിച്ചത് മുതല്‍ രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കാബൂളിലും ജലാലാബാദിലും മാധ്യമപ്രവര്‍ത്തകരെ തോക്കുചൂണ്ടി മര്‍ദ്ദിച്ചു. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന് വേണ്ടിയുള്ള തെരച്ചിലിനിടെ അദ്ദേഹത്തിന്റെ ബന്ധുവിനെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.