യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യണമെന്ന് താലിബാന്‍; കത്ത് നല്‍കി
കാബൂള്‍: ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാന്‍ അവസരം തേടി താലിബാന്‍. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇക്കാര്യം ആവശ്യപ്പെട്ട് താലിബാന്‍ കത്ത് നല്‍കി. താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വിയാണ് കത്ത് നല്‍കിയത്. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്താന്റെ പുതിയ യു.എന്‍. അംബാസഡറായി നിയമിച്ചതായും താലിബാന്‍ അറിയിച്ചു.
അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അംബാസഡര്‍ക്ക് ഇനിമേല്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എന്നിലെ ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി തേടിയുള്ള താലിബാന്റെ അഭ്യര്‍ഥന ഒന്‍പതംഗ കമ്മിറ്റിയാണ് പരിഗണിക്കുക. ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
നിലവില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്ന ജനറല്‍ അസംബ്ലിയുടെ സെഷന്‍ അടുത്ത തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പായി കമ്മിറ്റി ചേരാനുള്ള സാധ്യത കുറവാണ്. യുഎന്‍ ചട്ടം അനുസരിച്ച് അതുവരെ അഫ്ഗാനിസ്താന്റെ നിലവിലെ പ്രതിനിധി ഗുലാം ഇസാക്സായി അംബാസഡറായി തുടരും. അദ്ദേഹം സെപ്റ്റംബര്‍ 27ന് ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.