അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന പ്രവാസിക്ക് അബുദാബിയില്‍ വധശിക്ഷ

മക്കളുടെ മുന്നില് വെച്ച് നടത്തിയ ക്രൂരകൃത്യം യാതൊരുവിധത്തിലും ന്യായീകരിക്കാന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
 

അബുദാബി: അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് അബുദാബിയില്‍ വധശിക്ഷ. മക്കളുടെ മുന്നില്‍ വെച്ച് നടത്തിയ ക്രൂരകൃത്യം യാതൊരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പരമോന്നത കോടതിയില്‍ പ്രതി നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്നിന് അടിമയായ ഇയാള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് സ്ഥിര സംഭവമായതോടെ യുവതി വിവാഹ മോചനത്തിന് അപേക്ഷിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കുകയായിരുന്നു.

സംഭവ ദിവസം വീട്ടിലെത്തിയ പ്രതി ഭാര്യയുടെ മൊബൈല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് മറുപടി പറഞ്ഞ ഭാര്യയുടെ മുഖത്തേക്ക് കൈയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ചു. തടയാന്‍ ശ്രമിച്ച മക്കള്‍ക്കും പൊള്ളലേറ്റു. കേസില്‍ 19കാരനായ ഇയാളുടെ മകനാണ് മുഖ്യസാക്ഷി. തന്റെ മക്കള്‍ക്ക് ഞാന്‍ മാത്രമെ സ്വന്തമായുള്ളുവെന്നും അത്തരമൊരു സാഹചര്യത്തില്‍ വധശിക്ഷ ഇസ്ലാമിക വിരുദ്ധമാണെന്നും പ്രതി വാദിച്ചു. എന്നാല്‍ കോടതിയ ഇയാളുടെ വാദം തള്ളുകയായിരുന്നു.