ഫെയിസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു; ഇനി വാട്‌സാപ്പിലും പരസ്യങ്ങള്‍ സഹിക്കേണ്ടി വരും

2014ല് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് 19 ബില്ല്യണ് അമേരിക്കന് ഡോളറിന് ഏറ്റെടുത്തിന് ശേഷം നിര്മ്മാതാക്കളുടെ തീരുമാനത്തിന് വിരുദ്ധമായ നിരവധി പ്രവര്ത്തനങ്ങള് ഫെയിസ്ബുക്ക് നടത്തിയിരുന്നു.
 

കാലിഫോര്‍ണിയ: ഫെയിസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നതിന് പിന്നാലെ വാട്‌സാപ്പില്‍ പരസ്യം കൊണ്ടുവരുമെന്ന് സൂചന നല്‍കി സുക്കര്‍ബര്‍ഗ്. മെസഞ്ചറിന്റെ ഉപയോഗം കുറഞ്ഞതോടു കൂടി കമ്പനിയുടെ പരസ്യ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിരുന്നു. ഇതോടെയാണ് വാട്‌സാപ്പ് പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉടമകള്‍ തീരുമാനിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ലഭ്യമായിട്ടില്ല.

ഇന്‍സ്റ്റാഗ്രാമിന് സമാനമായി വാട്‌സാപ്പിലും സ്റ്റോറി/സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്. സ്റ്റോറികള്‍ക്കിടയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനാവും വാട്‌സാപ്പ് തീരുമാനിക്കുകയെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറി പരസ്യങ്ങള്‍ക്ക് സമാന രീതിയാവും വാട്‌സാപ്പിലും ഉപയോഗിക്കുക. പരസ്യദാതാവിനെക്കുറിച്ചുള്ള എല്ലാവിധ വിവരങ്ങളും ഉപഭോക്താവിന് മനസിലാക്കാന്‍ ഉതകുന്ന രീതിയിലാവും ആപ്പിലെ പരസ്യങ്ങള്‍ ക്രമീകരിക്കുക.

വാട്‌സാപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ നിര്‍മ്മാതാക്കളായ ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവ തീരുമാനിച്ചിരുന്നു. 2014ല്‍ വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഏറ്റെടുത്തിന് ശേഷം നിര്‍മ്മാതാക്കളുടെ തീരുമാനത്തിന് വിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഫെയിസ്ബുക്ക് നടത്തിയിരുന്നു. പരസ്യങ്ങള്‍ നല്‍കില്ലെന്ന് ആദര്‍ശവും സുക്കര്‍ബര്‍ഗ് മറികടക്കുന്നതോടെ ടെക് ലോകത്ത് നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 150 കോടിയിലേറെ ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ആപ്പ് കോളുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വാട്‌സാപ്പിന്റെ മറ്റു ഫീച്ചറുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ ഫെയിസ്ബുക്ക് മെസഞ്ചറായിരുന്നു ആദ്യകാലങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് വാട്‌സാപ്പ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന മെസഞ്ചറിന്റെ ഉപയോഗം കുറയ്ക്കുകയാണുണ്ടായത്.