വെനസ്വേലന്‍ പ്രസിഡന്റിന് നേരെ വധശ്രമം; ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ
കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ വധശ്രമം. ഡ്രോണ് ഉപയോഗിച്ച് നടത്താന് ശ്രമിച്ച ആക്രമണത്തില് നിന്ന് പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ആക്രമണത്തില് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര് മഡൂറോയെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. കാരക്കാസില് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് മഡൂറോയ്ക്ക് നേരെ ഡ്രോണാക്രമണം ഉണ്ടായത്.
അതേസമയം മഡൂറോ സംസാരിച്ചുകൊണ്ടിരിക്കെ സമീപ പ്രദേശത്തുള്ള വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ പ്രസിഡന്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പുതിയ ആക്രമണ നാടകമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ പ്രസിഡന്റിനെ ലക്ഷ്യം വെച്ച് വന്ന ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണിന് സമാന ഉപകരണമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ 6 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്.
വീഡിയോ കാണാം.