ക്രിക്കറ്റ് ലോകകപ്പ് ഫിക്‌സച്ചറായി; ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ
ദുബായ്: 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ ഫിക്സ്ചര് ഐസിസി പുറത്ത് വിട്ടു. 2019 മെയ് 30നാണ് ക്രിക്കറ്റിലെ രാജാക്കാന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കമാവുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്ഡ്, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, വെസ്റ്റന്ഡീസ് എന്നീ ടീമുകളാണ് ലോകകപ്പില് മുത്തമിടാന് മാറ്റുരയ്ക്കുന്ന ടീമുകള്. ഉദ്ഘാടന മത്സരത്തില് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.
ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരാണ്. വിദേശ പിച്ചുകളില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ ശൈലി ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16നാണ്. പരമ്പരാഗത വൈരികളുടെ പോരാട്ടം ലോകകപ്പുകളെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാണ്. ഇത്തവണം അഫ്ഗാനിസ്ഥാന്റെ പ്രകടനമാവും മറ്റൊരു ശ്രദ്ധാകേന്ദ്രം. ലോക നമ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനും രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് നബിയും ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. ഏഷ്യകപ്പിലെ അഫ്ഗാനിസ്ഥാന്റെ നിര്‍ണായക പ്രകടനമാണ് ഇതിന് ഉദാഹരണമായി നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിടുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ലോകകപ്പിന് മുന്‍പ് തിരിച്ചെത്തുമെന്നാണ് സൂചന. ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ലോര്‍ഡ്‌സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.