ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്; ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

 

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി കടുത്ത നിയന്ത്രണങ്ങളിലേക്ക്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സ്‌കൂളുകളും കോളേജുകളും വീണ്ടും അടച്ചിടും. കടകള്‍ രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കൂ.

സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു. മെട്രോയിലും 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. റെസ്‌റ്റോറന്റുകളിലും പകുതി സീറ്റുകള്‍ മാത്രം അനുവദിക്കും. ജിം, സ്പാ തുടങ്ങിയവ അടച്ചിടും. സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ ഒറ്റ-ഇരട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ തുടരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

രണ്ടു ദിവസത്തിലേറെയായി 0.5 ശതമാനം പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങളിലേക്ക് നീങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. തിങ്കളാഴ്ച 331 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.