ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് യുവാവ്

എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല.
 

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രേഖ ഗുപ്തയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. 

കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറ‌ുണ്ട്. ‘യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടർമാർ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാർട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം’– മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു