ചോദ്യം കളർകോട് അപകടത്തെക്കുറിച്ച്, ഉത്തരം എറണാകുളത്തെ ബൈപാസിനെ പറ്റി: വിഷയം മാറ്റി തടിതപ്പി ഗഡ്കരി

 

 

ആലപ്പുഴ കളർകോട് അപകടത്തെക്കുറിച്ചുള്ള  കെ.സി.വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് എറണാകുളത്തെ ബൈപാസ് നിർമാണം നടക്കുന്നുവെന്ന മറുപടിയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ എറണാകുളത്തെ ബൈപാസിനെ പറ്റി പറയുന്നതിനെ കെ.സി.വേണുഗോപാൽ എതിർത്തതോടെ ഗഡ്കരി വിഷയം മാറ്റി. നിരവധി നിയമങ്ങൾ സർക്കാർ നിർമിച്ചുവെന്നും അതൊന്നും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും മറുപടി പറ‍ഞ്ഞ് ഗഡ്കരി തടിതപ്പുകയായിരുന്നു.

ഫഡ്നാവിസിന് മൂന്നാമൂഴം, മോദി വരും; മുംബൈയിൽ ഗതാഗത നിയന്ത്രണം, സുരക്ഷയ്ക്ക് 4,000 പൊലീസ്
ദാരുണമായ അപകടമാണ് ആലപ്പുഴയിൽ സംഭവിച്ചതെന്നും നിയമങ്ങൾ നിർമിച്ചിട്ടും എന്തുകൊണ്ട് അതു നടപ്പാകുന്നില്ലെന്നുമായിരുന്നു കെ.സി.വേണുഗോപാലിന്റെ ചോദ്യം. ‘‘അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ നഷ്ടമായി. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. റോ‍ഡ് സെക്യൂരിറ്റി നിയമം, ഗുഡ് സമാരിറ്റിൻ നിയമം എല്ലാം പാസാക്കി. ദേശീയപാതയുടെ ഡിസൈനിങ് എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. അപകടത്തിന് ഡിസൈനും കാരണായിട്ടുണ്ട്. നിയമങ്ങൾ എല്ലാം നിർമിച്ചുവെങ്കിലും അതൊന്നും നടപ്പായില്ല. ഇതിന് ഗതാഗത മന്ത്രിക്ക് എന്തു മറുപടിയാണ് പറയാനുള്ളത്’’ – കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് കെ.സി.വേണുഗോപാൽ ചോദ്യം ഉന്നയിച്ചു.

എന്നാൽ ഈ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗഡ്കരി നൽകിയത്. ‘‘എറണാകുളം ബൈപാസിന്റെ നിർമാണം ഉടൻ ആരംഭിക്കും. ബിഒടി വ്യവസ്ഥയിലാണ് ഇതു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.’’ – ഇതോടെ കെ.സിവേണുഗോപാലടക്കം പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. പിന്നാലെ ഗഡ്കരി വിഷയം മാറ്റി.

‘‘ ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ പരിശോധിക്കുകയാണ്. 40,000 കോടി രൂപ ബ്ലാക്ക് സ്പോട്ടുകൾ നിർമാർജനം ചെയ്യാൻ ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ പ്രത്യേകത അവർ റോഡ് നിയമങ്ങൾ അനുസരിക്കുന്നില്ല, അതിനെ ബഹുമാനിക്കുന്നില്ല. പിഴ തുക വർധിപ്പിച്ചിട്ടും നിയമങ്ങൾ ലംഘിക്കപ്പെടുന്നു. റോ‍ഡ് സുരക്ഷാ നിയമങ്ങൾ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പരിധിയിൽ വരുന്ന കാര്യമാണ്.’’ മറുപടി പറഞ്ഞ് ഗഡ്കരി ഇരുന്നതോടെ, ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. എന്നാൽ സ്പീക്കർ തുടർ ചോദ്യങ്ങൾക്ക് സമയം അനുവദിക്കാതെ അടുത്ത അംഗത്തിന് ചോദ്യത്തിനുള്ള അനുമതി നൽകുകയായിരുന്നു.