'പുണ്യം പൊങ്കാല'; തലസ്ഥാനം ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല, ഭക്തലക്ഷങ്ങൾ മടങ്ങുന്നു
Mar 13, 2025, 15:19 IST
തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് ദൃശ്യമായത്. കേരളത്തിന്റെ പല ജില്ലകിൽ നിന്നായി സ്ത്രീജനങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനെത്തി.ഇത്തവണ സിനിമാസീരിയൽ താരങ്ങൾക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന ആശാ വർക്കർമാരും പൊങ്കാല അർപ്പിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്.