മിങ്കുവും ടിങ്കുവും റെഡി, അടുത്ത പാഠം ശുചിത്വം; മാലിന്യ സംസ്കരണത്തിന് ചിത്രകഥാ പുസ്തകവുമായി മന്ത്രി പി.രാജീവ് 

 

 

മിങ്കുവിന്റേയും ടിങ്കുവിന്റേയും കഥ കേൾക്കാൻ ഒരുങ്ങിയിരിക്കുകയാണ് കളമശ്ശേരിയിലെ സ്കൂൾ വിദ്യാർത്ഥികൾ. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് നിർവ്വഹിക്കേണ്ട രീതികളെക്കുറിച്ചും പറയാൻ മിങ്കുവും ടിങ്കുവും ക്ളാസുകളിലെത്തും. കുട്ടികളിൽ ശുചിത്വബോധം സൃഷ്ടിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവിന്റെ മുൻകൈയ്യിൽ തയ്യാറാക്കിയ ചിത്രകഥാപുസ്തകത്തിലെ നായികാനായകൻമാരാണ് മിങ്കുവും ടിങ്കുവും. ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ ചിത്രകഥാ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 

കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇറങ്ങുന്ന മിങ്കുവും ടിങ്കുവും, പുഴയിലും കരയിലും കാണുന്ന മാലിന്യങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രകഥ ആരംഭിക്കുന്നത്. ചുറ്റുപാടും കാണുന്ന പലതരം മാലിന്യങ്ങളെക്കുറിച്ചും അവ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും ഇരുവരും വിശദീകരിക്കുന്നു. പ്ലാസ്റ്റിക് മുതൽ ഇ-മാലിന്യം വരെയുള്ള നാനാതരം മാലിന്യങ്ങൾ വേർതിരിക്കേണ്ടതിനെക്കുറിച്ചും സംസ്കരിക്കേണ്ടതെങ്ങനെയെന്നും പുസ്തകം പറയുന്നു. മാലിന്യം പരിമിതപ്പെടുത്തൽ, പുനരുപയോഗം, പുന:ചംക്രമണം തുടങ്ങി സംസ്കരണത്തിന്റെ വ്യത്യസ്ത വഴികളും മണ്ണിര കമ്പോസ്റ്റ്, തുമ്പൂർമുഴി മാതൃക, ബയോഗ്യാസ് പ്ളാന്റുക തുടങ്ങി പലതരം മാതൃകകളും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉൾക്കൊളളിച്ചുള്ള വർക്ക് ഷീറ്റും ചേർത്താണ് 'ശുചിത്വത്തിനൊപ്പം' എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

വ്യവസായ മന്ത്രി പി.രാജീവ് നടപ്പാക്കുന്ന ശുചിത്വത്തിനൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, കൊച്ചി സർവ്വകലാശാല, കുസാറ്റ് ശാസ്ത്ര സമൂഹ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് പുസ്തകം തയ്യാറാക്കിയത്. കൊച്ചി സർവ്വകലാശാലയിലെ അധ്യാപകരും ഗവേഷകരുമായ ഡോ. ഉഷ കെ. അരവിന്ദ്, ഡോ.പി.ഷൈജു, പി. അരുൺ, എം.കെ. അഖിൽ നാസിം, ഗ്രീഷ്മ തങ്കച്ചൻ, എം. വിഷ്ണു ശ്രീജിത്ത് എന്നിവർ ഉള്ളടക്കം തയ്യാറാക്കി. കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ പുസ്തകമെത്തിക്കുക. പാതാളം ഏലൂർ ഗവ.ഹൈസ്കൂളിൽ രാവിലെ 10.30 ന് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്യും.