ഇറാഖിൽ മാളിൽ വൻതീപിടിത്തം, 61 മരണം

ഒരാഴ്ച്ച മുമ്പ് മാത്രമാണ് മാൾ തുറന്നത്.
 

കിഴക്കൻ ഇറാഖിലെ കുത് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കാണാതായെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാസിത് ഗവർണറേറ്റിലെ മാളിലുണ്ടായ തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും കെട്ടിടത്തിനുള്ളിൽനിന്ന് 45 പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

തിരിച്ചറിഞ്ഞ 60 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ വളരെ പ്രയാസമാണ്- രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഒരാഴ്ച്ച മുമ്പ് മാത്രമാണ് മാൾ തുറന്നത്. മാളിൽ റെസ്റ്റോറന്റും സൂപ്പർ മാർക്കറ്റും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അത്താഴം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സമയത്താണ് തീപിടിത്തം. അഗ്നിശമന സേനാംഗങ്ങൾ ഒട്ടേറെ പേരെ രക്ഷപ്പെടുത്തി. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.