യു.കെയിൽ സ്ത്രീകളുടെ മദ്യപാനം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു

വീട്ടിലിരുന്ന് തുടർച്ചയായി മദ്യം കഴിക്കുന്ന ശീലം യു.കെയിലെ സ്ത്രീകളെ രോഗികളാക്കുന്നതായി റിപ്പോർട്ട്.
 

 

ലണ്ടൻ: വീട്ടിലിരുന്ന് തുടർച്ചയായി മദ്യം കഴിക്കുന്ന ശീലം യു.കെയിലെ സ്ത്രീകളെ രോഗികളാക്കുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മദ്യപാനം മൂലമുണ്ടാകുന്ന രോഗത്താൽ ചികിത്സ തേടിയ സ്ത്രീകളുടെ എണ്ണം മൂന്നിരട്ടിയാണ്. 2.1 ശതമാനം വർദ്ധനവാണ് രോഗികളായ സ്ത്രീകളുടെ എണ്ണമെങ്കിൽ പുരുഷന്മാരുടേത് 0.7 ശതമാനം മാത്രമാണ്.

2013-14 കാലഘട്ടത്തിൽ മദ്യപാനം മൂലം 64,000 ത്തിൽ പരം സ്ത്രീകളാണ് ചികിത്സ തേടിയത്. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് 13,000 പുരുഷന്മാർ മാത്രമാണ് ഈ കാലയളവിൽ ആശുപത്രിയിലെത്തിയത്. 55 ശതമാനം മദ്യപാന പ്രശ്‌നങ്ങളും രാജ്യത്തിന്റെ വടക്കൻ മേഖലയിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് മദ്യപാനത്തെ തുടർന്നുള്ള മരണം ലിവർപൂളിലും മാഞ്ചസ്റ്ററിലും അഞ്ചിരട്ടിയാണ്.

മദ്യപാനാസക്തി ബ്രിട്ടണിൽ വളരെ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് റോഹാംപ്റ്റൺ ആശുപത്രിയിലെ വിദഗ്ദ്ധൻ നിയാൽ കാംപെൽ പറയുന്നു. മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി വലിയൊരു വിഭാഗം സ്ത്രീകൾ തന്റെ അടുത്ത് എത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അവരിൽ പ്രായമായവർ തുടങ്ങി മുപ്പതിനോടടുത്ത അമ്മമാർ വരെ ഉണ്ട്. അമിതവണ്ണം എന്ന മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നത്തിനും ഒരു കാരണം മദ്യപാനമാണെന്ന് കാംപെൽ കൂട്ടിച്ചേർത്തു.

വൈകുന്നേരങ്ങളിൽ സ്ത്രീകൾ കഴിക്കുന്ന വൈൻ തുടങ്ങിയ മദ്യത്തിന്റെ അളവ് കൂടുന്നതാണ് കരൾ രോഗങ്ങൾ, അപകടങ്ങൾ എന്നിങ്ങനെ മിക്ക പ്രശ്‌നങ്ങൾക്കും കാരണം. സ്ത്രീകൾ മദ്യത്തിന് അടിമകളായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ശാരീരിക പ്രശ്‌നങ്ങൾ കൂടാതെ വിഷാദരോഗവും ആകുലതകളും ഇവരുടെ തൊഴിലിനേയും കുടുംബ ജീവിതത്തേയും ബാധിക്കുന്നതായും കാംപെൽ പറയുന്നു.

ഡ്രിങ്ക് അവയർ എന്ന സംഘടന നടത്തിയ മറ്റൊരു പഠനത്തിൽ പറയുന്നത് മധ്യ വയസ്‌കരിലാണ് മദ്യപാനം ഏറ്റവും കൂടുതലെന്നാണ്. പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ കേസുകളും അപൂർവ്വമല്ല. സാൽഫോർഡ് ആണ് ഒരു ലക്ഷം ആശുപത്രി കേസുകളുമായി മുന്നിൽ. തൊട്ടുപിന്നിൽ ബ്ലാക്ക്പൂളും മാഞ്ചസ്റ്ററും. ബെർക്ക്‌ഷെയർ, എസക്‌സ്, ബെക്കിങ്ഹാംഷെയർ എന്നിവിടങ്ങളിലാണ് മദ്യപാനം മൂലമുള്ള ആശുപത്രി കേസുകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.