യു.എ.ഇയിൽ കുടിവെള്ളത്തിന് വൻ വില വർദ്ധന

യു.എ.ഇയിൽ കുപ്പിവെള്ളത്തിന്റെ വില 20 ശതമാനം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. അറബി പത്രം അൽ ഖലീജിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 

 

അബുദാബി: യു.എ.ഇയിൽ കുപ്പിവെള്ളത്തിന്റെ വില 20 ശതമാനം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. അറബി പത്രം അൽ ഖലീജിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വില വർദ്ധനവിനായുള്ള ശുപാർശ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അംഗീകരിച്ചതായാണ് അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.

വിതരണക്കാരുടെ ആവശ്യം നിരസിക്കാനാകില്ലെന്നും, വില വർദ്ധന നടപ്പാക്കിയില്ലെങ്കിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റീട്ടെയിൽ ഷോപ്പുകളിൽ വിൽക്കപ്പെടുന്ന കുപ്പി വെള്ളത്തിന്റെ വില ഉൾപ്പെടെ വർദ്ധിപ്പിക്കാതെ തരമില്ലെന്നും ഇവർ പറയുന്നു. എന്നാൽ സർക്കാർ വകുപ്പുകളുമായി നിലനിൽക്കുന്ന ദീർഘകാല ജലവിതരണ കരാറുകളിൽ മാറ്റമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബോട്ടിലുകളിൽ വില അച്ചടിക്കേണ്ടതുകൊണ്ട് പെട്ടെന്ന് വില വർദ്ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് കൺസ്യൂമർ വകുപ്പ് മേധാവി ഡോ.ഹാഷിം അൽ നുഅയ്മി പറയുന്നത്. നിലവിലുള്ള സ്റ്റോക്ക് തീർന്നാൽ പുതിയ വിലയിലാകും വെള്ളം വിപണിയിലെത്തുക.