ദുബായില്‍ ബസപകടത്തില്‍ 17 മരണം; 6 പേര്‍ മലയാളികള്‍

ദുബായില് വ്യാഴാഴ്ച വൈകിട്ടുണ്ടായ ബസപകടത്തില് 17 പേര് മരിച്ചു. ഇവരില് ആറു പേര് മലയാളികളാണ്.
 

ദുബായ്: ദുബായില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ബസപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ ആറു പേര്‍ മലയാളികളാണ്. നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, ഒമാനില്‍ അക്കൗണ്ടന്റായ തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവന്‍, തിലകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തലശ്ശേരി സ്വദേശികളായ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം 5.40ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. മസക്റ്റില്‍ നിന്ന് ദുബായിലേക്കു വരികയായിരുന്ന ബസ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. ഈദ് അവധിക്കു ശേഷം ഒമാനില്‍ നിന്ന് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നവര്‍. വിവിധ രാജ്യങ്ങളിലുള്ള 31 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഒമാന്‍ സ്വദേശി, രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍, ഒരു അയര്‍ലന്‍ഡ് സ്വദേശി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയില്‍ നിന്നും പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.