ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പതിനൊന്നാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മദീനത് ജുമൈറയിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് മുഖ്യാതിഥിയായിരുന്നു.
 

ദുബായ്: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പതിനൊന്നാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മദീനത് ജുമൈറയിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് മുഖ്യാതിഥിയായിരുന്നു.

സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ദി തിയറി ഓഫ് എവരിതിങാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എഡ്ഡി റെഡ്മയിനും ഫെലിസിറ്റി ജോൺസുമാണ്. ജെയിംസ് മാർഷ് ആണ് സിനിമ സംവിധാനം ചെയ്തത്.

ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ബോളിവുഡ് ഗായിക ആശാ ബോസ്‌ലെയും ഈജിപ്ഷ്യൻ സിനിമാ പ്രവർത്തകൻ നൂർ അലി റാഷിദും ശൈഖ് മൻസൂറിൽനിന്ന് ഏറ്റുവാങ്ങി.

ബുധനാഴ്ച വൈകിട്ട് റെഡ് കാർപ്പറ്റ് ഷോയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ലോക സിനിമാ മേഖലയിൽനിന്നുള്ള പ്രമുഖരും അറബ് പ്രമുഖരും റെഡ് കാർപ്പറ്റിൽ അണിനിരന്നു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയിൽ 34 ഭാഷകളിൽനിന്നുള്ള 118 സിനിമകൾ പ്രദർശിപ്പിക്കും. ലോക പ്രീമിയർ വിഭാഗത്തിൽപ്പെടുന്ന 55 ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. ഡിസംബർ 17 ന് പ്രദർശിപ്പിക്കുന്ന ഇൻ ടു ദ വുഡ് ഏവരും കാത്തിരിക്കുന്ന ചിത്രമാണ്.

ദുബായിലെ മദീനത് ജുമൈറ അരീന, മദീനത് തീയേറ്റർ, സൂക്ക് മദീനത് ജുമൈറ, വോക്‌സ് സിനിമാസ് എന്നിവിടങ്ങളിലായാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്.