ദുബായ് ട്രാം സർവ്വീസ് ആരംഭിച്ചു

ദുബായ് നഗരത്തിന്റെ ആഡംബര കാഴ്ചകളെ യാത്രക്കാർക്ക് പകർന്ന് ട്രാം ഓടിത്തുടങ്ങി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സർവ്വീസ് ഉദ്ഘാടനം ചെയ്തു. ദുബായ് മറീന മുതൽ അൽ സൗഫ് വരെയാണ് നിലവിൽ ട്രാം സർവ്വീസ് നടത്തുക.
 


ദുബായ്:
ദുബായ് നഗരത്തിന്റെ ആഡംബര കാഴ്ചകളെ യാത്രക്കാർക്ക് പകർന്ന് ട്രാം ഓടിത്തുടങ്ങി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സർവ്വീസ് ഉദ്ഘാടനം ചെയ്തു. ദുബായ് മറീന മുതൽ അൽ സൗഫ് വരെയാണ് നിലവിൽ ട്രാം സർവ്വീസ് നടത്തുക.


മരുഭൂമിയിലെ ചൂടൻ കാലാവസ്ഥ, ഈർപ്പം, പൊടിക്കാറ്റ് തുടങ്ങിയവയെ കൂൾ ആയി നേരിടാൻ തക്ക നൂതന സാങ്കേതികവിദ്യകളാണ് ഫ്രാൻസിലെ അൽസ്‌റ്റോം കമ്പനി നിർമ്മിച്ച ട്രാമിലുള്ളത്. ഇത്തരം പ്രതികൂലമായ പ്രശ്‌നങ്ങളൊന്നും ട്രാമിന്റെ യന്ത്രഭാഗങ്ങളെ പ്രതികൂലമായി ബാധിക്കില്ല. 50 ഡിഗ്രി സെൽഷ്യസിൽ ഓടാൻ കഴിയുന്ന ലോകത്തെ ആദ്യ ട്രാമാണ് ദുബായിലേതെന്ന് കമ്പനി അവകാശപ്പെടുന്നത്.

എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ച 1.30 വരെയാണ് ട്രാം സർവ്വീസ് നടത്തുക. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതിന് മാത്രമേ സർവ്വീസ് തുടങ്ങുകയുള്ളു. മിനിമം ചാർജ് മൂന്ന് ദിർഹമാണ്. നോൽ കാർഡ് കൈവശമുള്ളവർക്ക് മൂന്ന് ദിർഹവും ഒറ്റ ദിവസത്തേക്കുള്ള ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിർഹവുമാണ് നിരക്ക്. കാർഡ് എടുക്കാനും റീച്ചാർജ്ജ് ചെയ്യാനുമായി വെൻഡിംഗ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.
ട്രാമിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകളാണ് ഉപയോഗിക്കുന്നത്. ലോകത്തിലാദ്യമായാണ് ഇത്തരം സംവിധാനം ട്രാമിൽ ഉപയോഗിക്കുന്നത്. മെട്രോയിലുള്ളതു പോലെ ഗോൾഡ്, സിൽവർ, വനിതകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യാബിൻ എന്നിങ്ങനെയും തിരിച്ചിട്ടുണ്ട്.