പിറന്നാൾ നിറവിൽ താരറാണി 

 

ആരാധകരുടെ അഴകുറാണിക്ക് ഇന്ന് 39 ആം പിറന്നാൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരസുന്ദരി, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി, ഇൻഡസ്ട്രിയിൽ ഒപ്പം എത്തിയ നായികമാരിൽ ഭൂരിഭാ​ഗം പേരും കരിയറിൽ ഔട്ടായപ്പോഴും പിന്മാറാതെ ശക്തമായ തിരിച്ചുവരവുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിച്ച നടി, അന്നും ഇന്നും ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെയും സിനിമ പ്രവർത്തകരുടെയും ആദ്യ ചോയിസ്, യുവ നടിമാരുടെ ഇൻസ്പിറേഷൻ....അങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക്. 

തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ നയൻതാര വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കൂടുതൽ കൂടുതൽ സുന്ദരിയായി മാറുകയാണെന്നാണ് ആരാധകർ സാക്ഷ്യപ്പെടുത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര നായികയായുളള തൻ്റെ കരിയർ ആരംഭിച്ചത്. പിന്നാലെ മലയാളത്തിൽ തന്നെ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും അടക്കം നായികമാരായി തിളങ്ങി. തുടർന്നാണ് നയൻതാര തമിഴകത്തേക്കും പിന്നാലെ തെന്നിന്ത്യൻ മറ്റു ഭാഷകളിലേക്കും നയൻസ് തൻ്റെ കരിയർ പടുത്തുയർത്തി. തെന്നിന്ത്യയിൽ തിരക്കേറിയപ്പോഴും നയൻതാര മലയാളത്തിൽ നിന്ന് തേടിയെത്തുന്ന അവസരങ്ങൾ വേണ്ടെന്ന് വെക്കാറുമില്ല.

2011ൽ ഹിന്ദു മതത്തിൽ ചേർന്നുകൊണ്ടാണ് നയൻതാര എന്ന പേര് നടി ഔദ്യോഗികമായി സ്വീകരിക്കുന്നത്. 'ശ്രീരാമരാജ്യം' എന്ന തെലുങ്ക് ചിത്രത്തിലെ സീതയായുള്ള അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ നന്തി പുരസ്കാരം താരം സ്വന്തമാക്കി. ​ഗ്ലാമറസ് നടിയായി തളങ്ങിയ താരത്തിനെ പുരാണ കഥയിലെ സീതയാക്കുന്നതിൽ നിരവധി എതിർപ്പുകളെത്തിയെങ്കിലും അഭിനയം കൊണ്ട് നയൻസ് വിവാ​ദങ്ങളെയും മറികടന്നു.

പ്രണയ ​ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും വിടനൽകി 2022 ൽ സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം ആരാധകർ ആഘോഷിച്ച മറ്റൊരു താരവിവാഹമായിരുന്നു. തുടർന്ന് താരം വാടക ഗർഭധാരണത്തിലൂടെ ഉലകിനെയും ഉയിരിനെയും സ്വന്തമാക്കിയതോടെ സമൂഹത്തിന് മറ്റൊരു മാതൃക കൂടിയായി താരം. 39തിന്റെ യുവത്വത്തിൽ തിളങ്ങുന്ന നയൻസിന് ജന്മദിനാശംസകൾ.