ഐലീ​ഗ് കിരീടം ​ഗോകുലം എഫ് സിക്ക്

 

തുടർച്ചയായ രണ്ടാം തവണയും ഐലീ​ഗ് കിരീടം നേടി ​ഗോകുലം എഫ്സി ചരിത്രമെഴുതി. ശനിയാഴ്ച നടന്ന നിർണായകമായ അവസാന മത്സരത്തിൽ മുഹമ്മദൻ സ്‌പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് ഗോകുലം കിരീടം കേരളത്തിലെത്തിച്ചിരിക്കുകയാണ്.  2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോൾ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

റിഷാദ്, എമിൽ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്. അസ്ഹറുദ്ദീൻ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദൻ എസ്.സിയുടെ ഏക ഗോൾ.ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ റിഷാദിന്റെ ​ഗോളിലൂടെ ഗോകുലം മുന്നിലെത്തി. ഉ‌ടനെ തന്നെ മുഹമ്മദൻസ് സമനില ഗോൾ കണ്ടെത്തി. അസ്ഹറുദ്ദീൻ മാല്ലിക്കാണ് അവർക്കായി സ്‌കോർ ചെയ്തത്. ഒടുവിൽ 61-ാം മിനിറ്റിൽ ഗോകുലത്തിന്റെ മിഡ്ഫീൽർ എമിൽ ബെന്നിയാണ്  വിജയ ഗോൾ നേടിയത്.