ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് ആദ്യജയം

 


ഇന്ത്യൻ പ്രീമിയർ ലീഗ് 15എം സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ 23 റൺസ് വിജയമാണ് ചെന്നൈ നേടിയത്. 46 പന്തിൽ 95 റൺസ് നേടിയ ശിവം ദുബെ, 50 പന്തിൽ 88 റൺസ് നേടിയ റോബിൻ ഊത്തപ്പ, 4 വിക്കറ്റ് വീഴ്ത്തി ലങ്കൻ ബൗളർ  മഹേഷ് തീക്ഷണ, 3 വിക്കറ്റ് നേടിയ നായകൻ ജഡേജ എന്നിവരാണ് ചെന്നൈ ടീമിന്റെ വിജയ ശിൽപികൾ. ദുബെ ആണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട ചെന്നൈ ബാറ്റിംഗ് തുടങ്ങി എങ്കിലും 4ആം ഓവറിൽ ഓപ്പണർ ഗെയ്‌ക്വാദിനെ നഷ്ടമായി. പിന്നാലെ മോയിൻ അലിയും പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ 165 റൺസ് നേടിയ ഊത്തപ്പ- ശിവം ദുബെ കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റി. 9 സിക്‌സും 4 ഫോറും ഊത്തപ്പ നേടിയപ്പോൾ ദുബെ 8 സിക്‌സും 5 ഫോറും പറത്തി. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് ആണ് ടീം നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് പവർപ്ലേ ഓവറുകളിൽ തന്നെ 3 വിക്കറ്റ് നഷ്ടമായി. ഡ്യൂപ്ലെസി(8), കോഹ്ലി(1), രവാത്ത്(12) എന്നിവർ സ്കോർ 42ൽ എത്തിയപ്പോഴേക്കും പുറത്തായി. പിന്നാലെ വന്ന മാക്‌സ്വെൽ 11 പന്തിൽ 26 റൺസ് നേടി പുറത്തായി. 41 റൺസ് നേടിയ ഷഹബാസ് അഹമ്മദ്, 34 വീതം നേടിയ പ്രഭു ദേശായ്, ദിനേശ് കാർത്തിക്ക് എന്നിവർ പൊരുതി എങ്കിലും 20 ഓവറിൽ 9 വിക്കറ്റിന് 193 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ.


ഇന്ന് ആദ്യ ജയം തേടി മുംബൈ പഞ്ചാബിനെതിരെ ഇറങ്ങും.